സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനടക്കം മൂന്നുപേര്‍ക്കെതിരെ കേസ്. കല്യാണ്‍ ജൂവലേഴ്സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജുവാണ് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.

വ്യാജ തെളിവുണ്ടാക്കി യൂ ട്യൂബില്‍ അപകീര്‍ത്തികരമായി വീഡിയോ പോസ്റ്റ് ചെയ്തതുവെന്നാണ് പരാതി. . വ്യാജരേഖ ചമയ്ക്കല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവേല്‍, റെഡ് പിക്സ് 24 x 7 എന്ന യൂട്യൂബ് ചാനല്‍ എന്നിവരുടെ പേരിലും ഇതേ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മനഃപൂര്‍വം വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

കല്യാണിലെ പരസ്യങ്ങള്‍ മുമ്പ് കരാര്‍ വ്യവസ്ഥയില്‍ ചെയ്തിരുന്ന ശ്രീകുമാര്‍ മേനോന്‍ പിന്നീട് പരസ്യക്കരാര്‍ നല്‍കാത്തതിനെ തുടര്‍ന്നുള്ള വിരോധത്താല്‍ മാത്യു സാമുവലുമായി ചേര്‍ന്ന് വീഡിയോ നിര്‍മ്മിച്ചതെന്ന് സംശയിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.