ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പിഎം മാനോജിനെ ദേശാഭിമാനിയില്‍ നിന്ന് മാറ്റി. ചീഫ് എഡിറ്റര്‍ പി രാജീവുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന. തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് അദ്ദേഹത്തിന്‍റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി മനോജിനെ നിയമിച്ചു.

റസിഡന്റ് എഡിറ്ററുടെ പലതീരുമാനങ്ങള്‍ക്കുമെതിരെ പാര്‍ട്ടിക്ക് പരാതി കിട്ടിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുണ്ടായിരുന്ന മനോജ് മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലേക്ക് മാറാനുള്ള ശ്രമം നടത്തി. എന്നാല്‍ ദേശാഭിമാനിയില്‍ നിന്ന് മറ്റ് പദവികളിലേക്ക് പോകുന്നതിനോട്  കോടിയേരി ബാലകൃഷ്ണന് യോജിപ്പുണ്ടായിരുന്നില്ല.

പി.രാജീവും മനോജും തമ്മിലെ ഭിന്നത ഇടക്കാലത്ത് രൂക്ഷമായതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മനോജിനെ ദേശാഭിമാനിയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. അതിനിടെയാണ് തന്റെ ഓഫീസില്‍ ഒഴിവുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മനോജിനെ നിയമിക്കാമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചത്.

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി. വേലായുധന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അടുത്തിടെ രാജിവെച്ചിരുന്നു. ഇതോടെ പി.ആര്‍ഡിയുടേയും മാധ്യമങ്ങളുടേയും ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി മനോജിനെ നിയമിക്കുകയായിരുന്നു. തന്നെ റസിഡന്റ് എഡിറ്റര്‍ സ്ഥാനത്തും നിന്നും മാറ്റിയതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ പദവി ഏറ്റെടുക്കാനായി ദേശാഭിമാനിയില്‍ നിന്നും അവധി എടുത്തതാണെന്നുമാണ് മനോജിന്‍റെ വാദം.