തമിഴ്നാട്ടില്‍ കടുത്ത വരള്‍ച്ച. 40 ഡിഗ്രിക്ക് മുകളിലാണ് താപനില. ഉഷ്ണക്കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മൂന്നര വര്‍ഷം മുമ്പ് മഹാപ്രളയത്തെ നേരിട്ട ചെന്നൈ ഇന്ന് കടുത്ത ജലക്ഷാമം നേരിടുകയാണ്.

അതേസമയം, വരള്‍ച്ചാ ദുരിതാശ്വാസങ്ങള്‍ക്കായി അയ്യായിരം കോടി രൂപ കേന്ദ്രത്തോട് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചെന്നൈ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഡാം വറ്റി വരണ്ടു. പ്രദേശവാസികള്‍ക്ക് വെള്ളത്തിന് ആശ്രയമായിരുന്നു, ഇവിടം.

മിക്ക പ്രദേശങ്ങളിലും ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴ്ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ എണ്‍പത് ശതമാനത്തിലേറെ മഴ കുറഞ്ഞു. മൂന്നര വര്‍ഷം മുമ്പത്തെ പ്രളയത്തിന് ശേഷം പെയ്ത മഴയില്‍ ജല സംരക്ഷണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാത്തതും സ്ഥിതി ഗുരുതരമാക്കി. ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളമാണ് ആശ്രയം. സ്വകാര്യ ടാങ്കറുകള്‍ക്കായി രണ്ട് ദിവസത്തോളം കാത്തിരിക്കണം.

കാര്‍ഷിക മേഖലയിലും കനത്ത പ്രതിസന്ധിക്കാണ് ജലക്ഷാമം വഴിവച്ചിരിക്കുന്നത്. ഉഷ്ണക്കാറ്റിന് സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് തമിഴ്നാട് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.