സംസ്ഥാനത്ത് ജൂണ്‍ 19 മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് കേരള തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രപഠന കേന്ദ്രം അറിയിച്ചു.

വേലിയേറ്റ സമയമായതിനാല്‍ രാവിലെ 7 മുതല്‍ 10 വരെയും രാത്രി 7 മുതല്‍ 8 വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനും കടല്‍ക്ഷോഭം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമായ തീരങ്ങളില്‍ വിനോദസഞ്ചാരം ഒഴിവാക്കണം എന്നും മുന്നറിയിപ്പുണ്ട്.