ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെ ഏഴാം തവണയും മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ചത്. 2016-ല്‍ ഇന്ത്യ പാകിസ്ഥാനില്‍ നത്തിയ മിന്നലാക്രമണത്തോട് ഉപമിച്ചാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്. അമിത് ഷായ്ക്കു പിന്നാലെ മറ്റ് പ്രമുഖ നേതാക്കളും ടീമിന് ആശംസകളുമായെത്തി.

‘ഇത് ഇന്ത്യ പാകിസ്ഥാനു നല്‍കിയ മറ്റൊരു ‘സ്‌ട്രൈക്ക്’. എന്നാല്‍ ഫലത്തില്‍ മാറ്റമുണ്ടായില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. വിജയത്തില്‍ ഓരോ ഭാരതീയനും അഭിമാനിക്കുന്നു’. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

അമിതാ ഷായ്ക്കു പിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ടീമിന് അഭിനന്ദനമറിയിച്ചു. ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന അദ്ദേഹം ടീമിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍ വിജയത്തില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നതിനൊപ്പം ടീമിന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ടീമിന് ആശംസകള്‍ നേര്‍ന്നു.