കേരളാ കോൺഗ്രസിന്‍റെ ചരിത്രം പിളർപ്പുകളുടേത് കൂടിയാണ്. വളരുന്തോറും പിളരും പിളരുന്തോറും വളരും എന്ന സിദ്ധാന്തവത്കരണത്തിലൂടെ പാർട്ടിയിലെ ഭിന്നതകൾക്ക് നേതാവ് തന്നെ അടിവരയിട്ടതും കേരളാ കോൺഗ്രസിന് സ്വന്തം. ഇപ്പോൾ അതേ കെ എം മാണിയുടെ വിയോഗം തന്നെ പാർട്ടിയുടെ പിളർപ്പിലേക്കും നയിച്ചു.

1960 കളിൽ കലങ്ങി മറിഞ്ഞ കോൺഗ്രസ് രാഷ്ട്രീയമാണ് കേരളാ കോൺഗ്രസ് എന്ന പാർട്ടിയുടെ പിറവിക്ക് കാരണമായത്. ആഭ്യന്തര മന്ത്രിയായിരുന്ന പി ടി ചാക്കോയുടെ രാജിയും അപ്രതീക്ഷിത മരണവും ഒരു വിഭാഗത്തിന് കോൺഗ്രസിൽ നിന്ന് വിട്ടുപോകാൻ പ്രേരണയായി. അങ്ങനെ കോട്ടയത്ത് കെ എം ജോർജിന്‍റെ നേതൃത്വത്തിൽ 1964 ഒക്ടോബർ 9 ന് കേരളാ കോൺഗ്രസ് രൂപം കൊണ്ടു.

1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച പാർട്ടി 1967 ൽ ഇടത് മന്ത്രിസഭയുടെ ഭാഗമായി അധികാരത്തിലുമെത്തി. രൂപീകൃതമായി 13 വർഷത്തിന് ശേഷമാണ് പാർട്ടിയിലെ ആദ്യ വലിയ പിളർപ്പ്. കെ എം ജോർജിന്‍റെ നിര്യാണത്തെ തുടർന്ന് നേതൃപദവിയെച്ചൊല്ലി ഉയർന്ന തർക്കം പിളർപ്പിലേക്ക് നയിച്ചു. 1977 ൽ ആർ ബാലകൃഷ്‍ണപിള്ള കേരളാ കോൺഗ്രസ് ബി രൂപീകരിച്ചു. 1979 ൽ തെരഞ്ഞെടുപ്പ് കേസിൽ വിജയിച്ചതിനെ തുടർന്ന് കെ എം മാണിക്കായി പി ജെ ജോസഫിന് മന്ത്രിപദവി ഒഴിയേണ്ടി വന്നു. പി ജെ ജോസഫ് പാർട്ടി ചെയർമാൻ പദവി ആവശ്യപ്പെട്ടു. ഫലം വീണ്ടും പിളർപ്പ്. ഇത്തവണ പാർട്ടി വിട്ടത് കെ എം മാണി.