പാലക്കാട്: നടന് മോഹന്‍ലാലിന് ആര്‍പ്പുവിളിച്ച ആരാധകരോട് കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് നെന്മാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകന്‍, മോഹന്‍ലാല്‍ വിശിഷ്ടാതിഥിയും. മോഹന്‍ലാല്‍ എത്തുന്നതറിഞ്ഞ് വന്‍ ജനാവലി തന്നെ ചടങ്ങിന് എത്തിയിരുന്നു. തുടര്‍ന്ന് സൂപ്പര്‍താരം എത്തിയതോടുകൂടി ആരാധകരുടെ ആവേശം അണപൊട്ടുകയായിരുന്നു. അവര്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹന്‍ലാലിന് വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിപ്പിക്കാന്‍ ആരാധകര്‍ തയ്യാറായില്ല.
തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ബോധവാന്മാരല്ല എന്നായിരുന്നു മോഹന്‍ലാലിനെ കൂടി വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. മോഹന്‍ലാലിന് ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്നമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇത് എന്നും ഉണ്ടാകുമെന്നും കൂട്ടിചേര്‍ത്തു.
ഇതോടുകൂടി സദസ് നിശബ്ദമായി. ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രിവേദി വിട്ടു. തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാലാകട്ടെ സംഭവം പരാമര്‍ശിച്ചതേ ഇല്ല.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ.കൃഷ്ണന്‍കുട്ടി ,വി എസ് സുനില്‍കുമാര്‍, ഒ.രാജഗോപാല്‍ എം എല്‍ എ, വ്യവസായി ബി.ആര് ഷെട്ടി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.