പാർട്ടി ഭരണഘടനപ്രകാരം വ്യവസ്ഥാപിത മാർഗത്തിലൂടെയാണ് യോഗം വിളിച്ചതെന്ന് ജോസ് കെ. മാണി. കോട്ടയത്തു ചേരുന്നതു ബദൽ സംസ്ഥാന സമിതിയല്ലെന്നും കേരള കോണ്ഗ്രസ് ചെയർമാനെ യോഗം നിശ്ചയിക്കുമെന്നും യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട ജോസ് കെ. മാണി പ്രതികരിച്ചു.
യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് എംഎൽഎമാർക്കും എംപിമാർക്കും കത്തയച്ചിരുന്നു. ഇ-മെയിലായാണു ജോസഫ് സന്ദേശം കൈമാറിയത്. ചെയർമാന്റെ ചുമതല വഹിക്കുന്ന തനിക്കാണു സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്നും ജോസ് കെ. മാണി സ്വയം പുറത്തുപോകുന്ന അവസ്ഥയാണുള്ളതെന്നും ജോസഫ് പറയുന്നു.
സംസ്ഥാന സമിതി യോഗം ഇന്നു വിളിച്ചുചേർക്കാൻ വൈസ് ചെയർമാൻ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ജോസ് കെ. മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാർട്ടി സ്ഥാനങ്ങൾ പ്രഖ്യാപിച്ചതുമാണു മാണി വിഭാഗത്തിനെ ചൊടിപ്പിച്ചത്.
അതേസമയം, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ടു നേരിടാനാണു ജോസഫിന്റെ നീക്കം. പാർട്ടി ചെയർമാന്റെ അധികാരം ഉപയോഗിച്ച് യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും യോഗത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.