പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായ പൃഥ്വിരാജ്. റേഞ്ച് റോവര്‍ നിരയിലെ വോഗ് മോഡലാണ് താരം സ്വന്തമാക്കിയത്. ഏകദേശം മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരും വാഹനത്തിന്.
പൃഥ്വിരാജ് പുതിയ വാഹനം ഓടിക്കുന്ന ചിത്രം ഭാര്യ സുപ്രിയയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തത്. കുടുംബത്തിലേക്കെത്തിയ പുതിയ അതിഥി എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ലാന്‍ഡ് റോവറിന്‍റെ കൊച്ചി ഷോറൂമില്‍ നിന്നാണ് പുതിയ വോഗ് എസ്.യു.വി പൃഥ്വിരാജ് ഗാരേജിലെത്തിച്ചത്.
ലാൻഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നായ റേഞ്ച് റോവര്‍ വോഗ് പൂർണമായും ഇറക്കുമതി ചെയ്യുകയാണ്. വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിൽ ഈ ആഡംബര എസ്‍യുവി വിൽപ്പനയിലുണ്ട്.
190 kW പവറും 600 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍, 250 kW കരുത്തും 450 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തുടങ്ങിയവയാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിലെ ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിന്‍ മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.
റേഞ്ച് റോവർ വോഗ് ഉള്‍പ്പെടെയുള്ള റേഞ്ച് റോവര്‍ വാഹനങ്ങള്‍ ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനങ്ങളാണ്. സഞ്ജയ് ദത്ത്, കത്രീന കൈഫ്, ഷാരൂഖ് ഖാൻ, ശിൽപ്പഷെട്ടി, ആലിയ ഭട്ട്, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കെല്ലാം റേഞ്ച് റോവർ വാഹനങ്ങളുണ്ട്.