ജോസ് കെ. മാണി വിളിച്ചുചേർത്ത സംസ്ഥാന കമ്മിറ്റി യോഗം തമാശയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാം. ജോസ് കെ. മാണിയുടെ നീക്കം പാർട്ടി ഭരണഘടനാ ലംഘനമാണെന്നും ബദൽ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കണോ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ജോയ് എബ്രഹാം പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫിന് അയച്ച കത്തിൽ പലരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കേരള കോണ്‍ഗ്രസ്-എമ്മിലെ തർക്കങ്ങളിൽ സമവായ സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് സി.എഫ്. തോമസ് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. വിവിധ നേതാക്കൾ സമവായത്തിനായി ഇടപെടുന്നുണ്ടെന്ന് സി.എഫ് പറഞ്ഞു. യോജിച്ച കേരള കോണ്‍ഗ്രസാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള നിലപാടു സ്വീകരിക്കുമെന്നുമായിരുന്നു യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് സി.എഫിന്റെ മറുപടി
പാർട്ടിയിലെ പിളപ്പ് ഒഴിവാക്കാൻ കോണ്‍ഗ്രസിന്റെ അവസാനവട്ട ശ്രമങ്ങൾ തുടരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പി.ജെ. ജോസഫുമായും ജോസ് കെ. മാണിയുമായും ഫോണിൽ സംസാരിച്ചു. ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഇരുനേതാക്കളും കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണു സൂചന.
സംസ്ഥാന സമിതി യോഗം ഇന്നു ചേരാനിരിക്കെ, യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് കത്തയച്ചിരുന്നു. എംഎൽഎമാർക്കും എംപിമാർക്കും ഇ-മെയിലായാണു ജോസഫ് സന്ദേശം കൈമാറിയത്. ചെയർമാന്റെ ചുമതല വഹിക്കുന്ന തനിക്കാണു സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്നു ജോസഫ് സന്ദേശത്തിൽ പറയുന്നു.
സംസ്ഥാന സമിതി യോഗം ഇന്നു വിളിച്ചുചേർക്കാൻ വൈസ് ചെയർമാൻ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിലാണു യോഗം ചേരുക. ജോസ് കെ. മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാർട്ടി സ്ഥാനങ്ങൾ പ്രഖ്യാപിച്ചതുമാണു മാണി വിഭാഗത്തിനെ ചൊടിപ്പിച്ചത്.
അതേസമയം, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ടു നേരിടാനാണു ജോസഫിന്റെ നീക്കം. പാർട്ടി ചെയർമാന്റെ അധികാരം ഉപയോഗിച്ച് യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും യോഗത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.