ജീവിതം മടുത്തുവെന്ന് വിവാദ സ്വാമി വൈരാഗ്യാനന്ദ്. ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിങ് പരാജയപ്പെട്ടാല്‍ താന്‍ ആത്മാഹുതി ചെയ്യുമെന്ന് സ്വാമി വൈരഗ്യാനന്ദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫലം പ്രതികൂലമായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് മരിക്കാത്തതെന്ന ചോദ്യം ഉന്നയിച്ച് സ്വാമിക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഇത് കാരണമായി ചൂണ്ടിക്കാണിച്ച് തനിക്ക് ആത്മാഹുതി ചെയ്യാന്‍ അനുമതി തേടി ഭോപ്പാല്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് വൈരാഗ്യാനന്ദ്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ദിഗ് വിജയ്സിങ് ബിജെപിയുടെ പ്രജ്ഞ സിങ്ങിനോടാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ് വിജയത്തിനായി സ്വാമിയുടെ കാര്‍മികത്വത്തില്‍ യജ്ഞം നടത്തിയിരുന്നു.

ഞായറാഴ്ച 2.11ന് സമാധിയിലേക്ക് പോകാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമി അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷയ്ക്ക് അനുമതി നല്‍കാന്‍ സാധിക്കില്ലെന്നും സ്വാമിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് ഡിഐജിക്ക് കത്ത് നല്‍കിയതായി കലക്ടര്‍ അറിയിച്ചു.