പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികളുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി മമത അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് തിരിച്ചു ജോലിയില്‍ പ്രവേശിക്കണമെന്നും മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ ഒരുതരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്ന് മമത ഉറപ്പു നല്‍കി.
ഡോക്ടര്‍മാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം ഉടന്‍ അവസാനിപ്പിച്ച് ആശുപത്രികള്‍ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വ്യക്തമാക്കി മമതാ ബാനര്‍ജിയടക്കമുള്ള മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചിരുന്നു.
കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് പ്രതിരോധത്തിലായ മമതക്ക് ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ആറു ദിവസം നീണ്ട സമരത്തിനു മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കിയത്. മന്ത്രിമാരേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരേയും ചര്‍ച്ചക്ക് അയക്കാമെന്നും മമതാ ബാനര്‍ജി ഡോക്ടര്‍മാര്‍ക്കു ഉറപ്പു നല്‍കിയിട്ടുണ്ട്.