കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ പരിഹാരിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പി ജെ ജോസഫിന്റെ ഇ-മെയില്‍. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരമെന്ന് ജോസഫ് പറഞ്ഞു.
കെഎം മാണിയുടെ മരണത്തിനുശേഷം കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത അധികാര വടംവലി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനസമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ വൈസ് ചെയര്മാന് ജോസ് കെ മാണി എംപിയുടെ നേതൃത്വത്തില്‍ തിരുമാനിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിലാണ് യോഗം ചേരാന്‍ തീരുമാനമായത്.
പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതിയോഗം വിളിക്കണം എന്ന് പി ജെ ജോസഫിനോട് ജോസ് കെ മാണി പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗം വിളിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് ജോസ് കെ മാണി വിഭാഗം യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്.