സിഐ നവാസിന്റെ തിരോധാനത്തിനു പിന്നില്‍ ചേര്‍ത്തല സ്വദേശിനിയുടെ അറസ്റ്റ് എന്നു സൂചന. കൊച്ചി സെന്‍ട്രല്‍ സി ഐ ആയിരുന്ന നവാസിന്റെ നേതൃത്വത്തില്‍ 12ന് ആശാ അനില്‍കുമാര്‍ എന്ന യുവതിയെ പിടികൂടിയിരുന്നു. ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതിനാണ് യുവതിയെ പിടികൂടിയത്. ഇത് എ സി പിയെ അറിയിച്ചില്ലെന്നതിനെ ചൊല്ലി എ സി പിയും സി ഐയും തമ്മില്‍ വയര്‍ലസിലൂടെ തര്‍ക്കിച്ചിരുന്നു. അതേസമയം അറസ്റ്റിലായ ആശാ അനില്‍കുമാറിന് പോലീസ് ഉന്നതരുമായും ഹൈക്കോടതിയിലെ അഭിഭാഷകരുമായും ബന്ധമുണ്ടെന്നാണ് വിവരം. അഭിഭാഷകന്റെ ക്ലാര്‍ക്ക് എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആശയ്ക്ക് ചേര്‍ത്തലയിലും എറണാകുളത്തും പല ബിസിനസുകളുണ്ട്. വനിതകളെ മുന്‍നിര്‍ത്തി നാല് ഹോട്ടലുകള്‍ രണ്ടിടങ്ങളിലുമായി ഇവര്‍ നടത്തുന്നുണ്ട്.

എ.സി.പി. സുരേഷുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് ഔദ്യോഗിക സിം കാര്‍ഡ് തിരിച്ചേല്‍പ്പിച്ച് നവാസ് ആരോടും പറയാതെ സ്ഥലംവിട്ടത്. ഡ്യൂട്ടി സമയത്ത് എ.സി.പി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നവാസിനെ കിട്ടാതിരുന്നതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കിയത്. ഔദ്യോഗിക വയര്‍ലെസ് സെറ്റിലൂടെയായിരുന്നു തര്‍ക്കം.

സുരേഷിനേയും മട്ടാഞ്ചേരിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവാസ് മാനസിക സംഘര്‍ഷം താങ്ങാനാവാതെ രാമേശ്വരത്തേക്ക് പോയതെന്ന് കരുതുന്നു. ഇതോടെ നവാസിന്റെ ഭാര്യ ആരിഫ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ പരാതിയുമായി എത്തി. തുടര്‍ന്ന് പോലീസ് വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും നവാസിന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും വിവരം കൈമാറിയിരുന്നു. ഇതിനിടെ ഭാര്യ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്ന് നവാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ആരിഫ നല്‍കിയ പരാതിയിലെ ആരോപണങ്ങളില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.