വടംവലിയെ കേരളത്തിന്റെ ജനകീയ കായിക വിനോദമാക്കിയ, 2008 ലെ വടംവലി സീസണിൽ എഴുപത്തി മൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വടംവലിയിലെ എക്കാലത്തെയും മികച്ച ടീം ആയ ആഹാ നീലൂര്‍ എന്ന വടംവലി ടീമിന്റെ നാമധേയം സ്വീകരിച്ചുകൊണ്ട് കേരളക്കരയെ വടംവലിയുടെ ആവേശത്തിലേക്ക് ഉയര്‍ത്താന്‍ ആഹാ വരുന്നു. സൂപ്പർ സ്റ്റാർ മോഹൻലാലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം അബ്രഹാം നിർമ്മിച്ച് എഡിറ്റർ കൂടിയായ ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്യുന്ന  സ്പോർട്സ് പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് വളരെ വ്യത്യസ്തമായ പ്രധാന കഥാപാത്രത്തെയാണ്  അവതരിപ്പിക്കുന്നത്. വടംവലിയ്ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിനായി പ്രത്യേക മേക്ക് ഓവറിൽ ആണ് ഇന്ദ്രജിത്ത് എത്തുന്നത് . ടോബിട് ചിറയത്ത് തിരക്കഥ എഴുതുന്ന ആഹായുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്പോളിഷ് സിനിമാട്ടോഗ്രാഫർ ആർതർ സ്വാർസ്ക്കിയുടെ അസോസിയേറ്റ് ആയ രാഹുൽ ബാലചന്ദ്രനാണ്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.താര നിർണ്ണയം നടന്നു വരുന്ന ആഹായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.