ആവശ്യപ്പെട്ടാൽ കേരളത്തിലും സ്കൈ ബസ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇന്ത്യയിലെ പതിനെട്ട് നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മെട്രോയെ അപേക്ഷിച്ച്‌ വളരെ ചിലവ് കുറവാണ് സ്‌കൈബസിന് വേണ്ടത്.

ഒരു കിലോ മീറ്റര്‍ മെട്രോയുടെ പണിക്ക് 350 കോടി രൂപയാണെങ്കില്‍ സ്‌കൈബസിന് 50 കോടി രൂപ മതിയാകും. മെട്രോയിലെക്കാള്‍ അധികം ആളുകളേയും സ്‌കൈബസില്‍ കയറ്റാന്‍ സാധിക്കും. ചെറിയ സ്‌കൈ ബസില്‍ തന്നെ 300ലധികം ആളുകളെ കയറ്റാന്‍ സാധിക്കും. രണ്ടാം നിരയില്‍പ്പെട്ട നഗരങ്ങളിലാണ് ഇത് കൂടുതല്‍ പ്രായോഗികമാകുന്നതെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.

കൂടാതെ നിര്‍മ്മാണത്തിനായി അധിക സ്ഥലവും ആവശ്യമായി വരില്ല. തൂണുകള്‍ നിര്‍മ്മിക്കാനായി റോഡിന്റെ നടുവില്‍ ചെറിയ സ്ഥലം മാത്രം മതി. മെട്രോയും ലൈറ്റ് മെട്രോയും നിര്‍മ്മിക്കുന്നതിന്റെ നാലിലൊന്ന് ചെലവ് മാത്രം മതി സ്‌കൈബസ് പദ്ധതി നടപ്പാക്കാന്‍ എന്നും ഗഡ്ഗരി പറഞ്ഞു. ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാത്തത് മൂലം കേരളത്തിൽ ദേശീയ പാത വികസനം ഇഴയുന്നതെന്ന് നേരത്തെ നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്കൈ ബസ് പദ്ധതിയും കേരളത്തിന് അനുവദിക്കാമെന്ന് ഗഡ്കരി വാഗ്ദാനം നൽകുന്നത്.

സാഗര്‍മാല പദ്ധതിയിലും കേരളത്തിന് പ്രത്യേക  പരിഗണന നല്‍കുന്നുണ്ട്.  വടക്കന്‍ കേരളത്തില്‍ 80  ശതമാനത്തോളം ഭൂമി ഏറ്റെടുത്തപ്പോള്‍  തെക്കന്‍ കേരളത്തില്‍ അറുപത് ശതമാനമാണ് പൂര്‍ത്തിയായത്.  ഏറ്റെടുത്ത ഭൂമിയില്‍ പണി തുടങ്ങാം എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ ദേശീയപാത നിയമ പ്രകാരം അത് സാധ്യമില്ല. പാതയ്ക്കു വേണ്ട  ഭൂമി  പൂര്‍ണമായും ഏറ്റെടുത്തു നല്‍കിയാലേ ടെണ്ടര്‍  തുടങ്ങാന്‍ സാധിക്കൂ.

ബാറുകളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട്  പൂട്ടിയ ബാറുകള്‍ തുറക്കാന്‍   ചില ദേശീയപാതകള്‍ സര്‍ക്കാര്‍ സംസ്ഥാന പാതയാക്കി. ഇതോടെ നിലവിലെ പാതകള്‍ നവീകരിക്കുന്നതിനുള്ള  കേന്ദ്രവിഹിതത്തിലും കാര്യമായ കുറവുണ്ടായി.