ഖത്തറിലെ പൊതുമേഖലാ സ്‌ഥാപനങ്ങളിലേക്ക്‌ റിക്രൂട്‌മെന്റ്‌ ലഭിക്കുന്നവര്‍ക്ക്‌ വൈദ്യപരിശോധന, ബയോമെട്രിക്‌ വിവരശേഖരണം തുടങ്ങി വിസാ നടപടികളെല്ലാം വൈകാതെ കേരളത്തില്‍ തന്നെ പൂര്‍ത്തിയാക്കാം. കൊച്ചി ഇടപ്പള്ളിയിലുള്ള ഖത്തര്‍ വിസ സെന്ററി(ക്യുവിസി)ലാണ്‌ ഇതിനുള്ള സൗകര്യം ലഭിക്കുക.
ഖത്തര്‍ ജനറല്‍ ഡയറക്‌ട്രേറ്റ്‌ ഓഫ്‌ പാസ്‌പോര്‍ട്ട്‌സിന്റെ വിസ അനുബന്ധ സേവന വിഭാഗം(വിഎസ്‌എസ്‌) ഡയറക്‌ടര്‍ മേജര്‍ അബ്‌ദുല്ല ഖലീഫ അല്‍ മുഹന്നദി ആണ് പൊതുമേഖലയില്‍ നിയമനം ലഭിക്കുന്നവര്‍ക്കും വീട്ടുജോലിക്കാര്‍ക്കും അധികം വൈകാതെ ക്യുവിസിയില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന കാര്യം അറിയിച്ചത്.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്‌ മെട്രോ സ്‌റ്റേഷന്‌ സമീപം നാഷണല്‍ പേള്‍ സ്‌റ്റാര്‍ ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലാണ്‌(ഡോര്‍ നമ്പര്‍ 38-4111-ഡി) കൊച്ചിയിലെ ക്യുവിസി. ഖത്തറിലെ സ്വകാര്യ കമ്പനികളില്‍ നിയമനം ലഭിക്കുന്ന തൊഴിലാളികള്‍ക്കു മാത്രമാണ്‌ നിലവില്‍ ഇവിടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുമതിയുള്ളത്‌.
ഇടനിലക്കാരുടെ ചൂഷണവും വീസ തട്ടിപ്പുകളും പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇന്ത്യ ഉള്‍പ്പെടെ 8 വിദേശ രാജ്യങ്ങളിലായി 20 വിസ സെന്ററുകള്‍ തുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്‌.
ഇതില്‍ ഇന്ത്യയിലെ 7 ക്യുവിസികളും ഉദ്‌ഘാടനം ചെയ്‌തു കഴിഞ്ഞു.

ന്യൂഡല്‍ഹി, മുബൈ, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളിലാണ്‌ മറ്റു ക്യുവിസികള്‍. 2019 ഏപ്രില്‍ ആദ്യമായിരുന്നു ഇടപ്പള്ളിയിലെ ക്യുവിസിയുടെ ഉദ്ഘാടനം.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയ പ്രതിനിധി മേജര്‍ ജനറല്‍ അബ്‌ദുല്ല സലിം അല്‍ അലി ആണ് കൊച്ചിയില്‍ ക്യുവിസി ഉദ്ഘാടനം ചെയ്തത്. വിഎസ്‌എസ്‌ ഡയറക്‌ടര്‍ മേജര്‍ അബ്‌ദുല്ല ഖലീഫ അല്‍ മുഹന്നദി, ഖത്തറിലെ മുന്‍ഇന്ത്യന്‍ സ്ഥാനപതിയും ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ കോണ്‍സുലര്‍, പാസ്പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറിയുമായ സഞ്ജീവ് അറോറ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.