വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമിട്ട് തിരിച്ചുവരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗുജറാത്ത് തീരത്തേക്ക് എത്തും. എന്നാല്‍ കാറ്റിന്റെ തീവ്രത കുറഞ്ഞതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ എത്തുമെന്ന് അറിയിച്ചത്. എന്നാല്‍ ഗുജറാത്ത് തീരം പിന്നിട്ട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കാണ് ഇത് നീങ്ങിയത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം മാറിയതിനാല്‍ ഗുജറാത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ഗുജറാത്ത് മുഖ്യമന്ത്രി അറിയിച്ചു. തീരദേശത്തുനിന്ന് രണ്ടു ലക്ഷം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.