ചെ​ളി​നി​റ​ഞ്ഞ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ലെ ചെ​ളി​യി​ൽ കി​ട​ന്നു​രു​ണ്ട് ര​ണ്ടു ബ​ക്ക​റ്റു​ക​ളി​ൽ ചെ​ളിനി​റ​ച്ച് മേ​യ​റെ കാ​ണാ​നെ​ത്തി. മേ​യ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ മേ​യ​റു​ടെ ചേം​ബ​റി​നു മു​ന്നി​ൽ ചെ​ളി​നി​റ​ച്ച ര​ണ്ടു ബ​ക്ക​റ്റു​ക​ളും സ​മ​ർ​പ്പിച്ചു. ചെ​ളി​പു​ര​ണ്ട ഷ​ർ​ട്ടു​ക​ളും മേ​യ​ർ കാ​ണാ​നാ​യി സ​മ​ർ​പ്പിച്ചു.

ചെ​ളി നി​റ​ഞ്ഞുകി​ട​ക്കു​ന്ന പ​ള്ളി​ക്കു​ളം റോ​ഡി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കി​ട​ന്നു​രു​ണ്ട​ത്. അ​വി​ടെനി​ന്നുത​ന്നെ​യാ​ണ് ചെ​ളി ബ​ക്ക​റ്റി​ൽ നി​റ​ച്ച​തും. ബ​ക്ക​റ്റ് കൊ​ണ്ടു​പോ​യി മേ​യ​ർ​ക്കു ന​ൽ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും മേ​യ​റി​ല്ലാ​ത്ത​തി​നാ​ൽ ചേം​ബ​റി​നു മു​ന്നി​ൽ സ​മ​ർ​പ്പിച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യാ​യി​രു​ന്നു.