സി.ഒ.ടി. നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി ടൗണ്‍ സിഐ വിശ്വംഭരന് നായര്‍ക്ക് വധഭീഷണി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വധഭീഷണി അടങ്ങിയ കത്ത് സിഐയുടെ മേല്‍വിലാസത്തില്‍ എത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
“ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ. ഇത് തലശേരിയാണെന്ന് അറിഞ്ഞു കൂടെ. രണ്ട് പേരേയും നേരില്‍ കണ്ട് മാപ്പ് ചോദിക്കുക. അല്ലെങ്കില്‍ അടിച്ച് പരിപ്പെടുക്കും, കയ്യും കാലും ഉണ്ടാകില്ല. തട്ടിക്കളയും’ എന്നിങ്ങനെയുള്ള വാക്കുകളാണ് കത്തിലുള്ളതെന്നാണ് അറിയുന്നത്.
നല്ല കയ്യക്ഷരത്തില്‍ വെള്ള പേപ്പറില്‍ എഴുതിയിട്ടുള്ള കത്ത് തലശേരിയില്‍ നിന്നു തന്നെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭീഷണി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് എഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ നൽകിയിട്ടുണ്ട്.
ഇതിനിടിയില്‍ നസീര്‍ വധശ്രമക്കേസിന്റെ അന്വേഷണം പോലീസ് കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ടുപോകുന്ന പോലീസ് സംഘം നസീറിന്റെ മൊഴി മജിസ്ട്രേറ്റിനെ കൊണ്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
നസീറിന്റെ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് തലശേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കും. ഹർജിയില്‍ ഏത് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തേണ്ടതെന്ന് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് തീരുമാനിക്കുന്നതോടെ നസീറിന് സമന്‍സ് നല്‍കുകയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തുകയുമാണ് ചെയ്യുക.
രാഷ്ട്രീയ അക്രമ കേസുകളില്‍ അപൂര്‍വമായിട്ടേ പരാതിക്കാരന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്താറുള്ളൂ. എംഎല്‍എ എ.എന്‍. ഷംസീറിന് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം വ്യാപകമായതോടെയാണ് പരാതിക്കാരന്റെ മൊഴി മജിസ്ട്രേറ്റിനെ കൊണ്ട് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.
മൂന്ന് തവണ നസീറില്‍ നിന്നും സിഐയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. മൂന്ന് തവണയും ഷംസീറിന്റെ പങ്ക് പോലീസിനോട് പറഞ്ഞുവെന്നാണ് നസീറിന്റെ അവകാശവാദം. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതിയെ കൊണ്ട് നേരിട്ട് മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് തീരുമാനിച്ചിട്ടുള്ളത്.
നസീർ വധശ്രമക്കേസിൽ അറസ്റ്റിലായി കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട കേസിലെ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സില്‍ റോഷന് (26) എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
റോഷനുമായി അന്വേഷണ സംഘം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി ഇന്ന് രാവിലെ തിരിച്ചു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ ഹുസൂര്‍ ഉള്‍പ്പെടെയുള്ള സ്ഥാലങ്ങളില്‍ പ്രതിയുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തും.