സി.ഒ.ടി.നസീർ വധശ്രമക്കേസിൽ സിപിഎം വീണ്ടും കുരുക്കിലേക്ക്. എ.എൻ.ഷംസീർ എംഎൽഎയ്ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ നസീറിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയത് സിപിഎം പ്രവർത്തകനായ പൊട്ടിയൻ സന്തോഷ് ആണെന്ന് അറസ്റ്റിലായ പ്രതികൾ പോലീസിനോട് സമ്മതിച്ചു. കുണ്ടേരി സ്വദേശിയായ സന്തോഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി രാജേഷ് നിരവധി തവണ പൊട്ടിയൻ സന്തോഷിനെ ഫോണിൽ വിളിച്ചതിന്‍റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സന്തോഷ് ഒളിവിലാണെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇയാൾക്കായി അന്വേഷണ സംഘം തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

അതേസമയം കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.