കേരള കോണ്‍ഗ്രസ്-എമ്മിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിക്കുന്നില്ല. ചെയർമാൻ സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകാൻ കഴിയില്ലെന്ന ശക്തമായ നിലപാടിൽ ജോസ് കെ. മാണി വിഭാഗം ഉറച്ചു നിൽക്കുകയാണ്. തർക്കങ്ങൾ അവസാനിക്കാൻ ജോസഫ് നിർദ്ദേശിച്ച ഫോർമുലയും ജോസ് കെ. മാണി വിഭാഗം തള്ളിക്കളഞ്ഞു.

സി.എഫ്.തോമസിനെ ചെയർമാനാക്കി ജോസ് കെ. മാണിക്ക് ഡെപ്യൂട്ടി ചെയർമാൻ പദവി നൽകുന്നതായിരുന്നു ജോസഫിന്‍റെ ഫോർമുല. ജോസഫ് പാർലമെന്‍ററി പാർട്ടി ലീഡർ പദവിയും വഹിക്കും. എന്നാൽ ഈ ഫോർമുല അംഗീകരിക്കാൻ ജോസ് കെ. മാണി തയാറല്ല. ചെയർമാനെ സംസ്ഥാന സമിതി വിളിച്ച് തന്നെ തെരഞ്ഞെടുക്കണമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ ആവശ്യം.

പാർട്ടിയിലെ തർക്കത്തെക്കുറിച്ച് പൊതുവേദിയിൽ സംസാരിക്കുന്ന ജോസഫിന്‍റെ നിലപാടിനെതിരേ ജോസ് കെ. മാണി വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. ജോസഫിന്‍റെ പരസ്യ പ്രസ്താവനകൾ സമവായ ശ്രമത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും സംസ്ഥാന സമിതി വിളിക്കാൻ എന്തുകൊണ്ട് തയാറാകുന്നില്ലെന്നും നേതാക്കൾ ചോദിക്കുന്നു.