ഓപ്പണർ ശിഖർ ധവാൻ കാര്യത്തിൽ പ്രതീക്ഷ കൈവിടേണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലോകകപ്പിന്റെ ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ ധവാൻ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരത്തിന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്നും ഫിറ്റ്നസ് നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ- ന്യൂസിലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ച ശേഷം ഇന്ത്യൻ നായകൻ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് ഒടിവേറ്റ ധവാൻ ലോകകപ്പിൽ തുടർന്ന് കളിക്കില്ലെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇടങ്കയ്യന്‍ ബാറ്റ്സ്മാനായ ധവാനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. റിസര്‍വ് കളിക്കാരായ പകരം ഋഷഭ് പന്തും ഇംഗ്ലണ്ടിലെത്തിയിരുന്നു. എന്നാൽ പകരക്കാരനായി പന്തിനെ പ്രഖ്യാപിച്ചിരുന്നില്ല.
ധവാന് രണ്ടാഴ്ചയിലേറെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 30ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിനു മുമ്പ് ധവാന് പരിക്കില്‍നിന്നു മോചിതനാകുമെന്നാണ് പ്രതീക്ഷ. പരിക്ക് ഭേദമായി ധവാൻ കളിക്കാനുള്ള സൂചനയാണ് കോഹ്ലിയും നൽകുന്നത്.