ബഹിരാകാശത്ത് സ്വന്തമായി നിലയം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍. ചന്ദ്രയാന്റെ വിക്ഷേപണ തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐഎസ്ആര്‍ഒ പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.  ബഹിരാകാശ നിലയത്തിന് 20 ടണ്‍ഭാരമുണ്ടാവും.  ഭ്രമണപഥത്തില്‍  400 കീലോമീറ്റര്‍ അകലെയാണ് ഇത് സ്ഥാപിക്കുക. അവിടെ 15 മുതല്‍ 20 ദിവസം വരെ ഗവേഷകര്‍ക്ക് താമസിക്കാന്‍ സാധിക്കും.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന. ഗഗന്‍യാന്‍ പദ്ധതി  യാഥാര്‍ത്ഥ്യമായതിന് ശേഷം അഞ്ചോ ഏഴോ വര്‍ഷം കൊണ്ട് ബഹിരാകാശ നിലയം പദ്ധതി യാഥാര്‍ത്ഥ്യമാവും

ഗഗന്‍യാന്‍ പദ്ധതിയില്‍ മൂന്നു ബഹിരാകാശ യാത്രികരുണ്ടാകും. 2022 സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു .10,000 കോടി രൂപ ഇതിനായി കേന്ദ്രമന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.

മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. ഇത് നടപ്പായാല്‍ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിക്കും

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ വാഹനം ചന്ദ്രയാന്‍-2 ജുലൈ 15ന് വിക്ഷേപിക്കും. വിക്ഷേപണത്തിന്റെ 52-ാം ദിവസം സെപ്തംബര്‍ അഞ്ചിനോ ആറിനോ ഉപഗ്രഹം ചന്ദ്രനില്‍ ഇറങ്ങുമെന്നാണ്ക രുതുന്നത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തെക്കുറിച്ച് പഠിക്കുകയാണ് ചന്ദ്രയാന്‍-2ന്റെ ദൌത്യം. അത്തരത്തില്‍ പഠനം നടത്തുന്ന ലോകത്തെ ആദ്യ രാജ്യമായിരിക്കും ഇന്ത്യ.. 978 കോടി രൂപയാണ് ചന്ദ്രയാന്‍-2 ദൌത്യത്തിന്റെ ചെലവ്.

1998ലാണ് ബഹിരാകാശത്ത് ആദ്യ നിലയം സ്ഥാപിക്കപ്പെട്ടത്. 2000ത്തില്‍ ഇവിടെ ശാസ്ത്രജ്ഞര്‍ എത്തുകയും ചെയ്തു. ഭൂമിയില്‍നിന്നും 250 മൈല്‍ അകലെയാണ് ബഹിരാകാശ നിലയം നിലകൊള്ളുന്നത്