ദുബായിലെ സ്വകാര്യ സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് കാണിച്ച് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിത്തുടങ്ങി.ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ പരിശോധനകള്‍ പ്രകാരം 150 സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് ദുബായ് ഭരണകൂടം തടഞ്ഞിരുന്നു. ഇതിന്റെ സമയപരിധി അവസാനിക്കുന്നതോടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സ്കൂളുകളുടെ തീരുമാനം.
സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ ഔദ്യോഗികമായി നിര്‍ണയിച്ച എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് അടിസ്ഥാനപ്പെടുത്തിയാണ് സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ പരിശോധനയില്‍ കഴിഞ്ഞ വര്‍ഷത്തെ നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയ 141 സ്കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസില്‍ 2.07 ശതമാനം വര്‍ദ്ധനവ് വരുത്താനാവും. നിലവാരം മെച്ചപ്പെടുത്തിയ ഒന്‍പത് സ്കൂളുകള്‍ക്ക് ഫീസില്‍ 4.14 ശതമാനം വരെ ഫീസ് കൂട്ടാനാവും..കഴിഞ്ഞ വര്‍ഷം തന്നെ നിരവധി പ്രവാസികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചിലവ് താങ്ങാനാവാതെ നാട്ടിലേക്ക് അയക്കേണ്ടി വന്നിരുന്നു.വര്‍ഷാവര്‍ഷം ഫീസ് വര്‍ദ്ധിക്കുന്നത് പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.