ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറുന്നതിനിടെ കാണാതായ എട്ട് പര്‍വതാരോഹകരെ കണ്ടെത്തുന്നതിനായി 32 അംഗ സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ മെയ് 25 മുതലാണ് ഇവരെ കാണാതായത്. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയിലെ അംഗങ്ങളാണ് തിരച്ചില്‍ സംഘത്തിലുള്ളതെന്ന് പിത്തോരഖണ്ഡ് ജില്ല മജിസ്‌ട്രേറ്റ് വിജയ് കുമാര്‍ ജോഗ്ഡണ്ടെ പറഞ്ഞു. പിത്തോരഖണ്ഡില്‍ നിന്ന് മുന്‍സിയാരിയിലെ രണ്ടാമത്തെ ബേസ് ക്യാമ്പിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം ഈ സംഘത്തെ എത്തിക്കും.

സമുദ്ര നിരപ്പില്‍ നിന്ന് 7434 അടി ഉയരത്തിലാണ് നന്ദ ദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത്. കാണാതായ എട്ട് പര്‍വതാരോഹകരും മരിച്ചുവെന്നാണ് അധികൃതരുടെ നിഗമനം. ഇവരില്‍ ഏഴ് പേര്‍ വിദേശികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്. കഴിഞ്ഞ മെയ് 13നാണ് മുന്‍സിയാരിയില്‍ നിന്ന് 12 അംഗ സംഘം നന്ദ ദേവിയിലേക്ക് ട്രക്കിംഗിനായി തിരിച്ചത്. മെയ് 25നായിരുന്നു സംഘം ബേസ് ക്യാമ്പില്‍ തിരികെ എത്തേണ്ടിയിരുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാല് പേരെ രക്ഷിച്ചിരുന്നു. ബാക്കി എട്ട് പേര്‍ക്കുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്.