ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന്റെ കാല്‍ ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു. സ്‌ക്കൂള്‍ സമയത്ത് അമിത വേഗതയില്‍ ടിപ്പര്‍ ഓടിച്ചു പോയത് ചോദ്യം ചെയ്തതോടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.

വരാപ്പുഴ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് ടിപ്പര്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. വരാപ്പുഴ പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം തുടങ്ങിയത്. മകനെ സ്‌കൂളിലാക്കാന്‍ പോകവെ അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ബൈക്കില്‍ ഇടിക്കുമെന്ന സ്ഥിതിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ടിപ്പറിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.

നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച രണ്ട് പേരെയും പറഞ്ഞുവിട്ടു. എന്നാല്‍ കുറച്ചു ദൂരം മാറി എടമ്പടം പാലത്തിന് സമീപം വെച്ച് വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുകയും ടിപ്പര്‍ ഡ്രൈവര്‍ വണ്ടിയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് എടുത്ത് പ്രവീണ്‍ കുമാറിനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും മകനും ചേര്‍ന്നാണ് പ്രവീണ്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.