ശ്രീപാര്‍വ്വതി
ഒരാല്‍മരം. തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍ സുഗതകുമാരി അതുമാത്രമേ കൊതിക്കുന്നുള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടു വെക്കരുത്. സുഗതകുമാരി ടീച്ചറുടെ വരികളാണ്, ഇപ്പോള്‍ മാതൃഭൂമിയില്‍ കണ്ടത്!
ടീച്ചറെ അവസാനം കണ്ടത് പവിഴമല്ലി എന്ന മനോഹരമായ ഒരു ചടങ്ങിലായിരുന്നു. മലയാളത്തിലെ എഴുത്തുകാരികള്‍ എല്ലാം ചേര്‍ന്ന് സുഗത ടീച്ചര്‍ക്കായി നടത്തിയ ഒരു സ്‌നേഹ സമ്മാനം. അവിടെ കവിത ചൊല്ലിയും കഥ പറഞ്ഞും ഒപ്പം നിന്ന് ചിത്രങ്ങളെടുത്തും വന്ന ഒരുപാട് എഴുത്തുകാരികള്‍. സുഗത ടീച്ചറുടെ ആതിഥ്യ മര്യാദ, ആശ്രമത്തിലെ അന്തേവാസികള്‍, നാല് കെട്ടിലെ തണുപ്പ്…
ടീച്ചറുടെ ഇന്നത്തെ കുറിപ്പ് വായിച്ചപ്പോള്‍ ആ ആശ്രമം തന്നെയാണ് ഓര്‍മ്മയിലാദ്യം തെളിഞ്ഞത്. ജീവിതം മുഴുവന്‍ അക്ഷരങ്ങള്‍ക്കായും മരങ്ങള്‍ക്കായും മനുഷ്യര്‍ക്കായും ജീവിച്ച ഒരാള്‍ക്ക് അവസാനകാലത്ത് എഴുതി വയ്ക്കാന്‍ കഴിയുന്ന ഏറ്റവും ആഴമുള്ള വാചകമാണ് അത്, ആ ആല്‍മരത്തിന്റെ തൈ.
അതിന്റെ വേരുകള്‍ ഇറങ്ങി ചെല്ലുന്നത് ശരീരത്തിലേയ്ക്കും ഹൃദയത്തിലേയ്ക്കും… അവിടെ ഇനിയും ഒരിക്കലും എഴുതാതെ പോയ കവിതകളുടെ വിത്തുകള്‍ പൊട്ടി തളിര്‍ത്ത് പടര്‍ന്നു കയറുമായിരിക്കണം… അത് തന്നെയല്ലേ ആ ആല്‍മരത്തിന്റെ തണലൊരുക്കുക!
പണ്ട് ഇതുപോലെ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. മരണ ശേഷമൊരുക്കേണ്ട ശവക്കുഴിയില്‍ നടേണ്ട ഇലഞ്ഞി മരത്തിന്റെ വിത്തിനെക്കുറിച്ച്. അതുകൊണ്ട് തന്നെ സുഗത ടീച്ചറുടെ വരികളിലെ ഉള്‍ത്താപം എനിക്കു മനസ്സിലാകും. ആ വിത്തിന്റെ ഉള്ളിലെ ജീവനിലേയ്ക്കു പരിണമിക്കുന്ന കവിതയുടെ ഊര്‍ജ്ജം…
മരണത്തിനു മുന്‍പു സുഗത ടീച്ചര്‍ എഴുതിയ കവിതയുടെ ഒസ്യത്താണ് ആ അഭിമുഖം. ഇനിയൊന്നിനുമുള്ള ആവതില്ലെന്ന തോന്നല്‍, വിറച്ചു പോകുന്ന ശരീരം, പക്ഷേ എത്ര ക്രൂരമായാണു ടീച്ചര്‍ അതു മലയാളികളായ ടീച്ചറുടെ പ്രിയപ്പെട്ട വായനക്കാരുടെ മുന്നിലേയ്ക്ക് വയ്ക്കുന്നത്!
രാത്രിമഴയിലേയ്ക്കു ജനല്‍ തുറന്നു നോക്കുമ്പോഴൊക്കെ അവിടെ ഭ്രാന്തിയെ പോലെ അലറി ചിരിക്കുന്ന ഒരു രൂപം ഞാന്‍ കാണാറുണ്ട്, അപ്പോഴൊക്കെ ചില വരികള്‍, അതു വന്നതു പഠനകാലത്തില്‍ നിന്നാണ്,
‘രാത്രിമഴ, മന്ദമീ
യാശുപത്രിക്കുള്ളി
ലൊരുനീണ്ട തേങ്ങലാ
യൊഴുകിവന്നെത്തിയീ
ക്കിളിവാതില്‍വിടവിലൂ
ടേറേത്തണുത്തകൈ
വിരല്‍ നീട്ടിയെന്നെ
തൊടുന്നൊരീ ശ്യാമയാം
ഇരവിന്റെ ഖിന്നയാം പുത്രി’
അതെ, എത്ര ഭാവങ്ങളാണു മഴയ്ക്ക്… സുഗത ടീച്ചറിന്റെ ചില നേരങ്ങളിലെ നോവു പടര്‍ത്തുന്ന ഭാഷ പോലെ.എന്തിനാണ് ഇന്നിപ്പോള്‍, ഈ മഴ പെയ്യുന്ന വൈകുന്നേരം, വിഷാദം പടര്‍ന്നൊഴുന്ന സമയത്ത് ഒസ്യത്തിന്റെ കണക്കെടുപ്പുമായി ടീച്ചറെത്തിയത്?
ഹൃദയം തുളച്ചു വേരിറക്കി വളരേണ്ട ആല്‍മരത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്! എന്റെ ഹൃദയം മുറിക്കേണ്ട ഇലഞ്ഞി വിത്തിന്റെ തായ്മരം എവിടെയെങ്കിലും ആകാശം മുട്ടെ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടായിരിക്കില്ലേ!
മരണത്തെക്കുറിച്ച് എഴുതിയതു സുഗത ടീച്ചറാണെങ്കിലും ആ ഒസ്യത്ത് എന്റേതുമാണെന്ന് എനക്കുറപ്പുണ്ട്. അതുകൊണ്ട് തന്നെ ഹൃദയത്തിലൊരു കരിങ്കല്ലെടുത്ത് വച്ച പോലെ ഭാരമേറുന്നു.
എത്ര ആര്‍ജ്ജവത്തോടെയാണു വിറച്ചെങ്കിലും ടീച്ചര്‍ സ്വപ്‌നങ്ങളെക്കുറിച്ചു പറയുന്നത്. നടക്കാനാവാത്ത നിശബ്ദ താഴ്‌വരയിലെ യാത്രകളെക്കുറിച്ച്, സ്ത്രീകളെക്കുറിച്ച്, കാടിനേയും മനുഷ്യരെയും കുറിച്ച്… മുന്നോട്ടിനിയും പോകാനുണ്ടെന്നു ടീച്ചര്‍ക്ക് എപ്പോഴെങ്കിലും ഓര്‍ത്തുകൂടായിരുന്നോ? അങ്ങനെ ഒസ്യത്തെഴുതി നിശ്ശബ്ദയാകാനും മാത്രം സ്വപ്‌ന രഹിതമല്ലല്ലോ ആ ജീവിതം!
തണുപ്പ്, മഴത്തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്. ഞാന്‍ കാണുന്ന മരങ്ങളെല്ലാം മഴ കൊള്ളുന്നുണ്ട്, അരയാലിന്റെ മൗനത്തിലേയ്ക്കു ടീച്ചറുടെ ഹൃദയമെത്ര തവണ ഇടിച്ചിറക്കി പാഞ്ഞു പോയിട്ടുണ്ടാവും! ഇനിയും ഞാന്‍ കണ്ടത്തിയിട്ടില്ലാത്ത എന്റെ ഇലഞ്ഞി മരത്തിന്റെ വിത്തിലേയ്ക്ക് ഞാന്‍ സഞ്ചരിച്ചതു പോലെ…
പക്ഷേ,
ആ അരയാല്‍ മരത്തിന്റെ തൈകള്‍ ഇനിയും മുളച്ചിട്ടുണ്ടാവില്ലെന്നു ഞാനോര്‍ക്കുന്നു. ടീച്ചറുടെ വരികള്‍ക്ക് ഇനിയുമെന്തോ ചെയ്യാനുണ്ടെന്ന ആഗ്രഹത്തിനു മേല്‍ സ്‌നേഹത്തിന്റെ കാറ്റ് വീശിയടിക്കുന്നു. ആ സ്‌നേഹത്തിന്റെ അര്‍ഥം കാത്തിരിപ്പെന്നാണ്… ഇനിയും ടീച്ചറെ കേള്‍ക്കാനുള്ള കാത്തിരിപ്പെന്ന്…!!!