ഖാലിദ് റഹ്മാന്റെ ഉണ്ട എന്ന ചിത്രത്തിലൂടെ സബ് ഇന്‍സ്‌പെക്ടര്‍ മണിയായി നാളെ മമ്മൂട്ടി പ്രേക്ഷകരിലേക്കെത്തുകയാണ്. മമ്മൂട്ടി വീണ്ടും കാക്കിയണിഞ്ഞെത്തുന്ന ഈ സിനിമ പല കാരണങ്ങള്‍ കൊണ്ടും വളരെ സവിശേഷതയുള്ളതാണ് ചിത്രം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.

ഉണ്ട യഥാര്‍ത്ഥ സംഭവകഥ

ഉണ്ട പറയുന്നത് യഥാര്‍ത്ഥ സംഭവ കഥയാണെന്ന് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ മുമ്പ് പറഞ്ഞിരുന്നു. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണിതെന്നും 2014 ലെ മലയാള മനോരമ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് സിനിമയ്ക്ക് ആധാരമായതെന്നും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. . ഒരു വെടിയുണ്ടയുമായി ഇത് ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍

പോലീസായി നിരവധി കഥാപാത്രങ്ങള്‍ ചെയ്തപ്പോഴും അഭിനയ വൈദഗ്ദ്ധ്യം കൊണ്ട് അവയോരൊന്നും വ്യത്യസ്തമാക്കാന്‍ സാധിച്ച നടനാണ് മമ്മൂട്ടി. മുന്‍ പോലീസ് ചിത്രങ്ങളിലേത് പോലെ ഉണ്ടയിലും പ്രേക്ഷകര്‍ ഇത് തന്നെയാണ് മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയില്‍ ഇതുവരെ കാണാത്ത മമ്മൂട്ടി പോലീസാണ് ഉള്ളതെന്ന് ടീസറിലെ ഏതാനും നിമിഷങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഡ്യൂപ്പിനെ ഉപയോഗിക്കാതെയുള്ള ആക്ഷന്‍ രംഗങ്ങള്‍

ഉണ്ടയിലെ ആക്ഷന്‍ രംഗങ്ങളാണ് ആരാധകരെ ആകാംഷാഭരിതരാക്കുന്ന മറ്റൊരു കാരണം. സ്റ്റണ്ട് മാസ്റ്റര്‍ ശ്യാം കൗശലിന്റെ വൈദഗ്ധ്യത്തില്‍ ഒരുക്കുന്നു എന്നതിനൊപ്പം തന്നെ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിക്കാതെ ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ എന്ന സവിശേഷതയുമുണ്ട്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി ഡ്യൂപ്പിനെ ഉപോയഗിച്ചിട്ടില്ലെന്ന് സ്റ്റണ്ട് മാസ്റ്റര്‍ ശ്യാം കൗശല്‍ തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജം ഇന്നും പഴയതുപോലെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്റ്റണ്ട് മാസ്റ്റര്‍ ശ്യാം കൗശല്‍

ഈ ചിത്രത്തിന് ആക്ഷന്‍ ചെയ്യാനായി എത്തുന്നത് പ്രശസ്ത ബോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ആയ ശ്യാം കൗശല്‍ ആണ്. ദങ്കല്‍ എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സ്റ്റണ്ട് ഡയറക്ടര്‍ ആണ് ശ്യാം കൗശല്‍. ദങ്കലിനു പുറമെ പദ്മാവതി, സഞ്ജു, ബാജി റാവു മസ്താനി, ധൂം 3 , ഗുണ്ടേ, കൃഷ് 3 , രാവണ്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച ആളാണ് ശ്യാം കൗശല്‍.

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍

ആസിഫ് അലിയും രജിഷ വിജയനും നായികാ നായകന്മാരായി എത്തിയ അനുരാഗ കരിക്കിന്‍ വെള്ളത്തിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ശ്രദ്ധിക്കപ്പെട്ട അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ സംവിധായകനില്‍ നിന്നുള്ള പുതിയ സിനിമ എന്ന പ്രത്യേകതയും ഉണ്ടയ്ക്കുണ്ട്.