ലോകകപ്പിൽ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ട്രെൻഡ് ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ന്യൂസലൻഡാണ് എതിരാളികൾ. ഉച്ചതിരിഞ്ഞ മൂന്നുമണിക്ക് തുടങ്ങുന്ന മത്സരത്തിന് മഴ തടസ്സമായെക്കുമെന്ന കാലാവസ്ഥാ റിപ്പോർട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മത്സരവും ജയിച്ച ആത്മവിശ്വാസത്തിലെത്തുന്ന ന്യൂസിലൻഡിന്‍റെ ശക്തമായ ബൗളിംഗ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തും. പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരം ലോകേഷ് രാഹുലായിരിക്കും രോഹിതിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

നാലാം നമ്പറിൽ ഇറങ്ങുന്ന രാഹുൽ ഓപ്പണറാകുന്നതോടെ പകരം ആരെ ഉൾപ്പെടുത്തുമെന്നത് ശ്രദ്ധേയമാകും. ഓൾ റൌണ്ടർ കൂടിയായ വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. എന്നാൽ പരിചയ സമ്പത്തുള്ള ദിനേശ് കാർത്തിക്കിനെയും നാലാം നമ്പറിൽ പരിഗണിക്കുന്നുണ്ട്.