ബോളിവുഡില്‍ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’. ഇന്ത്യന്‍ സൈന്യം 2016ല്‍ നടത്തിയ മിന്നലാക്രമണം പശ്ചാത്തമാക്കിയ സിനിമയില്‍ നായകന്‍ വിക്കി കൗശല്‍ ആയിരുന്നു. ആദ്യ അഞ്ച് ദിനങ്ങളില്‍ 50 കോടിയും പത്ത് ദിനങ്ങളില്‍ 100 കോടിയും പിന്നിട്ട ചിത്രം ബോക്‍സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 244.06 കോടി രൂപയാണ് (നെറ്റ് ഇന്ത്യന്‍ കളക്ഷന്‍). ഈ വര്‍ഷം ബോളിവുഡില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ഇതാണ്. എന്നാല്‍ കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തിയ ഒരു ചിത്രം ഇപ്പോഴിതാ കളക്ഷനില്‍ രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നു.

സല്‍മാന്‍ ഖാന്‍റെ പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലെത്തിയ ‘ഭാരത്’ ആണ് റിലീസിന്‍റെ ഒരാഴ്‍ചയ്‍ക്ക് ഇപ്പുറം ബോളിവുഡിലെ ഈ വര്‍ഷത്തെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ രണ്ടാമത് എത്തിയിരിക്കുന്നത്. ചൊവ്വാഴ്‍ച വരെയുള്ള കണക്ക് അനുസരിച്ച് 167.60 കോടിയാണ് ഇന്ത്യയില്‍ നിന്ന് ഭാരത് നേടിയിരിക്കുന്നത്.  ഇന്നത്തെ കളക്ഷന്‍ കൊണ്ട് ചിത്രം 175 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ബോളിവുഡ് ബോക്‍സ് ഓഫീസില്‍ മുന്നിലെത്തിയ പത്ത് സിനിമകള്‍ താഴെ പറയുന്നവയാണ്.

ഈ വര്‍ഷം ബോളിവുഡിലെ 10 പണംവാരി പടങ്ങള്‍

1. ഉറി: ദി സര്‍ജിക്കല്‍ സ്‍ട്രൈക്ക്- 244.06 കോടി

2. ഭാരത്- 167.60 കോടി (പ്രദര്‍ശനം തുടരുന്നു)

3. ടോട്ടല്‍ ധമാല്‍- 154.30 കോടി

4. കേസരി- 153 കോടി

5. ഗള്ളി ബോയ്- 137.61 കോടി

6. ദേ ദേ പ്യാര്‍ ദേ- 98.51 കോടി (പ്രദര്‍ശനം തുടരുന്നു)

7. മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി- 94.92 കോടി

8. ലുക്കാ ചുപ്പി- 94.15 കോടി

9. ബദ്‍ല- 88.02 കോടി

10. കളങ്ക്- 80 കോടി