കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കത്തോലിക്കാസഭ മധ്യസ്ഥശ്രമം ഉപേക്ഷിച്ചു. പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണു പാലാ ബിഷപ് ഉള്‍പ്പെടെയുള്ള സഭാനേതൃത്വം പിന്‍വാങ്ങിയത്.

പി.ജെ. ജോസഫിനെയോ സി.എഫ്. തോമസിനെയോ ചെയര്‍മാനാക്കാത്ത ഒരൊത്തുതീര്‍പ്പിനും തയാറല്ലെന്നു ജോസഫ് വിഭാഗം സഭാനേതൃത്വത്തെ അറിയിച്ചു. പി.ജെ. ജോസഫ് ചെയര്‍മാനും സി.എഫ്. തോമസ് നിയമസഭാകക്ഷിനേതാവും ജോസ് കെ. മാണി ഡെപ്യൂട്ടി ലീഡറുമായുള്ള ഫോര്‍മുലയാണ് അവര്‍ പ്രധാനമായും മുന്നോട്ടുവച്ചത്. മറ്റൊരു ഫോര്‍മുല ഇങ്ങനെ: സി.എഫ്. തോമസ്-ചെയര്‍മാന്‍, പി.ജെ. ജോസഫ്-നിയമസഭാകക്ഷി നേതാവും വര്‍ക്കിങ് ചെയര്‍മാനും, ജോസ് കെ. മാണി- ഡെപ്യൂട്ടി ചെയര്‍മാന്‍. ഇതു രണ്ടും അംഗീകരിക്കില്ലെന്നു ജോസ് വിഭാഗവും സഭാനേതൃത്വത്തെ അറിയിച്ചു. അവര്‍ മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുല ഇങ്ങനെ: ജോസ് കെ. മാണി-ചെയര്‍മാന്‍, പി.ജെ. ജോസഫ്-നിയമസഭാകക്ഷി നേതാവ്, സി.എഫ്. തോമസ്-ഡെപ്യൂട്ടി ചെയര്‍മാന്‍. ഇതംഗീകരിക്കില്ലെന്നു ജോസഫ് വിഭാഗവും നിലപാടെടുത്തതോടെയാണു സഭാനേതൃത്വം പിന്‍വാങ്ങിയത്.

ജോസ് ചെയര്‍മാനാകണമെന്ന ആവശ്യത്തില്‍ എട്ടു ജില്ലാ പ്രസിഡന്റുമാര്‍ ഉറച്ചുനില്‍ക്കുകയാണ്. കെ.എം മാണി ജീവിച്ചിരിക്കുമ്പോള്‍തന്നെ ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിച്ചിരുന്നെന്നും പാര്‍ട്ടി സുവര്‍ണജൂബിലിയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹത്തിന്റെയും മഹാസമ്മേളനത്തിന്റെയും ശോഭ കെടുത്തുന്ന തരത്തില്‍ ജോസഫ് വിവാദപ്രസ്താവനകള്‍ നടത്തിയെന്നും ജോസ് പക്ഷം ആരോപിക്കുന്നു.

മാണിയുടെ വിയോഗത്തേത്തുടര്‍ന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി പോകണമെന്ന പൊതുവികാരം തകര്‍ത്തത് ജോസഫിന്റെ ഏകാധിപത്യ നിലപാടുകളാണ്. ജോസ് കെ. മാണിയെ ഒരുകാരണവശാലും ചെയര്‍മാനാക്കരുതെന്ന ഗൂഢലക്ഷ്യമാണു സി.എഫ്. തോമസിനെ ഉയര്‍ത്തിക്കാട്ടുന്നതിനു പിന്നില്‍. അനാരോഗ്യം വലയ്ക്കുന്ന തോമസ് ചെയര്‍മാനായാല്‍, പാര്‍ട്ടി പൂര്‍ണമായി െകെപ്പിടിയിലാക്കാമെന്ന തന്ത്രത്തിനു പിന്നില്‍ ജോയ് ഏബ്രഹാമാണെന്നും ജോസ് പക്ഷം ആരോപിക്കുന്നു. പി.ജെ. ജോസഫ് ആദ്യമായി എല്‍.എല്‍.എയാകുമ്പോള്‍ ജോസ് കെ. മാണിക്ക് അഞ്ചുവയസേയുള്ളെന്നും അത്രയും സീനിയറായ അദ്ദേഹത്തിനു മുകളില്‍ ജോസിനെ അവരോധിക്കുന്നതു ശരിയല്ലെന്നും ജോസഫ് പക്ഷം ചൂണ്ടിക്കാട്ടുന്നു.