ദുരൂഹ സാഹചര്യത്തില്‍ കാണാതായ അഞ്ച് പവന്റെ സ്വര്‍ണ്ണമാല രണ്ടു വര്‍ഷത്തിനു ശേഷം ചാണകത്തില്‍ നിന്നും കണ്ടെത്തി. ചടയമംഗലത്തെ അധ്യാപിക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണ് കൃഷി ആവശ്യത്തിനായി വാങ്ങിയ ചാണകത്തില്‍ നിന്നും അഞ്ചു പവന്റെ സ്വര്‍ണ്ണമാല കിട്ടിയത്.

താലിയില്‍ ഇല്യാസ് എന്ന് എന്ന് എഴുതിയിരുന്നത് ശ്രദ്ധയില്‍ പെട്ട ദമ്പതികള്‍ മാലയുടെ ഉടമയെ തേടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസ് ഷൂജയുമായി ഫോണില്‍ ബന്ധപ്പെട്ടു. രണ്ടു വര്‍ഷം മുന്‍പ് കാണാതായ മാലയാണ് ഇതെന്നും പശു വിഴുങ്ങിയിരുന്നതായി അന്നുതന്നെ സംശയം ഉണ്ടായിരുന്നുവെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ, പശുവിനെ ഇല്യാസ് വിറ്റു. പലര്‍ക്കായി മറിച്ചു വിറ്റ പശു നിലവില്‍ എവിടെയാണെന്ന് അറിയില്ല.

വീടുകളില്‍ നിന്നും ചാണകം ശേഖരിച്ച് വില്‍പ്പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് ആറുമാസം മാസം മുന്‍പ് ഷൂജയുടെ വീട്ടില്‍ ചാണകം എത്തിച്ചത്. കൃഷി ആവശ്യത്തിനായി ചാണകം ഉപയോഗിക്കാന്‍ എടുത്തപ്പോഴാണ് സ്വര്‍ണ്ണമാല ശ്രദ്ധയില്‍പ്പെട്ടത്. താലിയിലെ പേരാണ് ഉടമയെ വേഗത്തില്‍ കണ്ടെത്താന്‍ സഹായകമായത്. എത്രയും വേഗം ഉടമയെ മാല തിരികെ ഏല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതികള്‍.

എന്തായാലും കളഞ്ഞുപോയെന്ന് കരുതിയ മാല തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇല്യാസും കുടുംബവും.