ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍.

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തെ കുറിച്ച് എൻഐയ്ക്ക് വിവരം ലഭിച്ചത്.

കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകമാണ് ആസൂത്രണങ്ങള്‍ക്ക് പിന്നില്‍. തമിഴ്‌നാട്ടിലെയും, കൊച്ചിയിലെയും എന്‍ഐഎ സംഘങ്ങള്‍ സംയുക്തമായാണ് കോയമ്പത്തൂരിലെ അന്‍പുനഗര്‍, പോത്തന്നൂര്‍. കുനിയമ്പത്തൂര്‍, ഉക്കടം അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയത്.

ശ്രീലങ്കയ്ക്ക് ശേഷം ഐസിസ് ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയെ ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകത്തിന് ബന്ധമുണ്ടായിരുന്നു.