307 റണ്‍സിനു ഓസ്ട്രേലിയയെ എറിഞ്ഞിട്ട് മികച്ച തിരിച്ചുവരവ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നടത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ വന്നപ്പോള്‍ 41 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇന്ന് 308 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് 266 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക് ബാറ്റ്സ്മാന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കാര്യങ്ങള്‍ ടീമിനു കൂടുതല്‍ ശ്രമകരമായി. 136/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് വീണതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

ഫകര്‍ സമനെ ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നീട് ഇമാം ഉള്‍ ഹക്ക് അര്‍ദ്ധ ശതകം നേടിയെങ്കിലും ബാബര്‍ അസം(30), മുഹമ്മദ് ഹഫീസ്(46) എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാതിരുന്നപ്പോള്‍ പാക് ബാറ്റിംഗ് ലക്ഷ്യ ബോധമില്ലാതെ നീങ്ങുകയായിരുന്നു.

ഹസന്‍ അലിയുടെ 15 പന്തില്‍ നിന്നുള്ള 32 റണ്‍സും സര്‍ഫ്രാസ് അഹമ്മദ്-വഹാബ് റിയാസ് എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമെല്ലാം പൊരുതി നോക്കിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്നു കുറച്ച്‌ കൂടി ഉത്തരവാദിത്വമുള്ള പ്രകടനം വന്നിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നേനെ.

സര്‍ഫ്രാസും വഹാബ് റിയാസും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 64 റണ്‍സാണ് നേടിയതെങ്കിലും കൂട്ടുകെട്ട് മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ക്കുകയായിരുന്നു. 45 റണ്‍സാണ് വഹാബ് റിയാസ് നേടിയത്. 2 ഫോറും 3 സിക്സുമാണ് താരത്തിന്റെ സംഭാവന. ഏറെ വൈകാതെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 45.4 ഓവറില്‍ 266 റണ്‍സിനു അവസാനിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.