തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന വിവാദ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ മാപ്പ് പറഞ്ഞു . തന്റെ ഫോൺ സംഭാഷണത്തിൽ പലപ്രാവശ്യമായി പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി.സി ജോർജ് പറഞ്ഞു. പ്രസ്തുത സംഭാഷണത്തിൽ വന്നിട്ടുള്ള കാര്യങ്ങൾ തന്നെ സ്ഹേിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദു:ഖവും അമർഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും പ്രസ്തുത വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും പി.സി ജോർജ് പറഞ്ഞു.
ജനപ്രതിനിധിയായ കാലം മുതല്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നുവെന്നും പി.സി ജോര്‍ജ് ഖേദ പ്രകടനത്തില്‍ പറയുന്നു.
ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോര്‍ജ് മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഓസ്ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോര്‍ജിന്റെ ശബ്ദവുമാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്.