പിണറായിയുടെ അതിഥി സത്കാരത്തിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം അതിഥി സല്‍ക്കാരത്തിനായി മാത്രം ചെലവിട്ടത് ഒരു കോടിയോളം രൂപ.

വിവരാവകാശ നിയമപ്രകാരം പൊതുഭരണ അക്കൗണ്ട്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 99,66,665 രൂപയാണ് സര്‍ക്കാര്‍ അതിഥി സല്‍ക്കാരത്തിന് മാത്രമായി ചെലവഴിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

അതിഥ്യ മര്യാദ കാത്തു സൂക്ഷിക്കുന്നതിലും പിണറായി തന്നെ മറ്റുമന്ത്രിമാരേക്കാള്‍ മുന്നില്‍ നിന്നു. 26 ലക്ഷത്തിലധികം രൂപയാണ് മുഖ്യമന്ത്രി  ഈ ഇനത്തില്‍ ചെലവഴിച്ചത്. വകുപ്പ് മന്ത്രിമാരില്‍ അതിഥികളെ സല്‍ക്കരിക്കാനായി കൂടുതല്‍ തുക ചെലവഴിച്ചത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ്. 6,90,568 രൂപ.

എ.കെ. ബാലന്‍- 5,05,661, ഇ. ചന്ദ്രശേഖരന്‍-5,71,681, കെ.ടി. ജലീല്‍ -2,38,096, കടകംപള്ളി സുരേന്ദ്രന്‍ – 4,82,000, കെ.കെ കൃഷ്ണന്‍കുട്ടി- 31,008, ജെ. മേഴ്‌സിക്കുട്ടി അമ്മ – 4,83,566, എ.സി. മൊയതീന്‍ – 2,04,341, കെ. രാജു- 3,84,375, രാമചന്ദ്രന്‍ കടന്നപ്പള്ളി -2,75,468, ടി.പി. രാമകൃഷ്ണന്‍ -4,11,298, സി. രവീന്ദ്രനാഥ്-1.01,511,എ.കെ. ശശീന്ദ്രന്‍- 2,48699,കെ.കെ. ഷൈലജ -5,82,266, ജി. സുധാകരന്‍ – 37,767, വി.എസ്. സുനില്‍ കുമാര്‍ -6,90,568,പി. തിലോത്തമന്‍- 4,58,108, ടി.എം. തോമസ് ഐസക്- 5,88,959,എം.എം. മണി -2,88,452,ഇ.പി. ജയരാജന്‍-1,49,799,മാത്യൂ ടി. തോമസ് -4,76, 664,തോമസ് ചാണ്ടി- 1,00,295 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാര്‍ അതിഥി സത്കാരം നടത്തിയതിന്റെ മറ്റ് ചെലവുകള്‍.

ചെലവു ചുരുക്കണമെന്ന് സംസ്ഥാനത്തിന് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയ ധനവകുപ്പ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 96 ലക്ഷം രൂപ മുടക്കിയെന്ന കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആതിഥ്യമര്യാദയുടേയും ചെലവുകള്‍ പുറത്തുവന്നിരിക്കുന്നത്. നാല്‍പ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്ററുകള്‍ മാത്രം ഓടിയിട്ടുള്ള വാഹനങ്ങള്‍ മാറ്റിയാണ് 12 ബൊലേറോകള്‍ ധനവകുപ്പ് വാങ്ങിയത്.