കടൽക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് കടല്‍ കയറുന്ന വിവരമറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള നാട്ടുകാര്‍ വേളാങ്കണ്ണി കടലോരത്തേക്ക് എത്തി. ഇവിടെ മാത്രം ഏകദേശം മുന്നൂറോളം വീടുകളിൽ വെള്ളം കയറി.  ജനരോക്ഷം ശക്തമായ സാഹചര്യത്തിൽ നിരവധി പേരാണ് രാവിലെതന്നെ എത്തിയത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ആലപ്പുഴ സഹായ മെത്രാന്‍ ഡോ. ജെയിംസ് ആനാപ്പറമ്ബിലുമെത്തി. വേളാങ്കണ്ണി കടലോരത്തെ നാട്ടുകാര്‍ പിതാവിനു മുന്നില്‍ സങ്കടങ്ങളുടെ കെട്ടഴിച്ചു. ‘ഞങ്ങളെ രക്ഷിക്കാന്‍ ആരുമില്ല, ഞങ്ങള്‍ എവിടേക്കുമില്ല, ഇവിടെ കിടന്ന് മരിക്കും’ – കൂട്ടത്തിലൊരു തൊഴിലാളി ഉറക്കെ വിളിച്ചുപറഞ്ഞു. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച്‌ കടലിനെ നോക്കിയിരുന്ന കഥ അവര്‍ വിളിച്ചുപറഞ്ഞു. പശ്ചിമകൊച്ചി തീര സംരക്ഷണ സമിതിയുടെയും കെ.എല്‍.സി.എ.യുടെയുമൊക്കെ പ്രവര്‍ത്തകര്‍ കടപ്പുറത്തെത്തിയിരുന്നു. ഓഖി അടിച്ചുകയറിയ മേഖലയാണിത്.

‘ഇവിടെ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. പക്ഷെ അതുണ്ടായില്ല. ജനങ്ങള്‍ ഭീതിയിലാണ്. ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണിവര്‍. ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഈ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം’ – ആലപ്പുഴ സഹായ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ടി.എ. ഡാല്‍ഫിന്റെ നേതൃത്വത്തില്‍ സമരത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെങ്കിലും ജനത്തെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ വേണ്ടെന്ന് നിര്‍ദേശം വന്നു. ‘കടല്‍ഭിത്തി നിര്‍മാണത്തിന് ആവശ്യത്തിന് സമയം കിട്ടിയതാണ്. പക്ഷെ, ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. അതാണ് പ്രശ്നമായത്. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കും’ – കടലോരത്തെത്തിയ കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്‌ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്ബിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും അങ്ങോട്ടില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. റവന്യു ഉദ്യോഗസ്ഥര്‍ ചെല്ലാനം സ്കൂളില്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. സുരക്ഷാ കേന്ദ്രങ്ങളിലേക്ക് നാട്ടുകാരെ മാറ്റണമെന്ന് സമര സമിതി ഭാരവാഹിയായ ടി.എ. ഡാല്‍ഫിന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് സൗകര്യങ്ങളെല്ലാം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെല്ലാനത്ത് തോടുകളില്‍നിന്ന് ശേഖരിച്ച്‌ സൂക്ഷിച്ചിട്ടുള്ള മണ്ണ് ചാക്കുകളില്‍ നിറയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഈ മണ്ണ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയായിരുന്നക്കുകയായിരുന്നു. കടലേറ്റം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ആലപ്പുഴ സഹായ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്ബില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ചെല്ലാനം സന്ദര്‍ശിക്കണം. 350-ഓളം വീടുകള്‍ വെള്ളത്തിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ജനങ്ങള്‍ക്കായി ശുചിത്വമുള്ള, സൗകര്യമുള്ള ക്യാമ്ബുകള്‍ ഒരുക്കി അവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.