അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന സാഹചാര്യത്തിൽ പതിനായിരത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു. അടുത്ത 24 മണിക്കൂറിനുളളിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന വായു വ്യാഴായ്ച രാവിലെ ഗുജറാത്തിലെ തീരങ്ങളിൽ ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മന്നറിയിപ്പ്.

കച്ചിൽ നിന്ന് മാത്രമാണ് പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചത്. ഏകദേശം 60 ലക്ഷത്തോളം ആളുകളെ വായു ബാധിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. കൂടുതൽ ആളുകളെ സുരക്ഷിതമായി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

രക്ഷാപ്രവർത്തനങ്ങൾക്കും മുൻകരുതലുകൾക്കുമായി കരസേന ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്ന് ഗുജറാത്തിന്റെ ചുമതലയിലുള്ള സൈനിക വക്താവ് പുനീത് ശർമ്മ അറിയിച്ചു. എന്ത് ആവശ്യങ്ങൾക്കും തയ്യാറായി സേനയുടെ ഹെലികോപ്ടറുകൾ സജ്ജമാണെന്നും അവർ അറിയിച്ചു.