മൂന്നാഴ്ചത്തെ വിശ്രമം വേണമെന്നു ശിഖര്‍ ധവനാനോടു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഘട്ടത്തില്‍ തത്ക്കാലം ആരെയെങ്കിലും പകരക്കാരനാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ബിസിസിഐ. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടിയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക്. ഇനിയുള്ള നാലു മത്സരങ്ങള്‍ നഷ്ടപ്പെട്ടാലും ഇന്ത്യ സെമിയില്‍ കടന്നാല്‍ ധവാനു കളിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചന. ആ നിലയ്ക്ക് തിടുക്കപ്പെട്ട് ആരെയും ടീമിലേക്ക് ആനയിക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം. എന്നിരിക്കിലും ഋഷഭ് പന്തിനോടു കരുതിയിരിക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ധവാന്റെ സ്ഥാനത്തു കളിക്കാന്‍ ഇപ്പോള്‍ തന്നെ ടീമിലുള്ള കെ.കെ. രാഹുല്‍ തയ്യാറാണ്. ആ സ്ഥാനത്തു ദിനേശ് കാര്‍ത്തിക്കോ വിജയ് ശങ്കറോ കളിക്കും. ഈ നിലയ്ക്കാണ് പന്തിനോടു തത്ക്കാലം ഇന്ത്യയില്‍ തന്നെ നിന്നാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഓസ്ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മൽസരത്തിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ പതിച്ച് പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ നിരീക്ഷണത്തിലാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് അറിയിച്ചു. തൽക്കാലം ധവാൻ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ തുടരും. ഈ ദിവസങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാകും ധവാന്‍. പരുക്കു സുഖപ്പെടുന്ന കാര്യത്തിലുള്ള പുരോഗതി വിലയിരുത്തിയാകും പകരക്കാരെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ.

അതിനിടെ, ധവാനു പരുക്കേറ്റെന്ന റിപ്പോർട്ടുകൾ വന്നതോടെ പകരം ആരെത്തുമെന്ന ചർച്ചകളും സജീവമാണ്. ധവാന്റെ സ്വദേശമായ ഡൽഹിയിൽനിന്നു തന്നെയുള്ള യുവതാരം ഋഷഭ് പന്ത് പകരക്കാരനാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടംലഭിക്കാത്തതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്ന താരമാണ് പന്ത്.

സ്കാനിങ്ങിൽ ധവാന്റെ കൈവിരലിനു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ മൂന്നാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചതായാണ് വിവരം. ഇതുപ്രകാരം ഏറ്റവും ചുരുങ്ങിയത് ജൂലൈ രണ്ടിനു നടക്കേണ്ട ബംഗ്ലദേശിനെതിരായ മൽസരം വരെ ധവാനെ കളിപ്പിക്കാനാകില്ല. ജൂലൈ ആറിനു നടക്കേണ്ട ശ്രീലങ്കയ്ക്കെതിരായ മൽസരത്തിലും താരത്തിന്റെ സാന്നിധ്യം ഉറപ്പിക്കാനാകില്ല.

ഈ സാഹചര്യത്തിലാണ് ആരു പകരമെത്തുമെന്ന ചർച്ചകൾ സജീവമാകുന്നത്. ദിനേഷ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ ഇടം നഷ്ടമായ ഋഷഭ് പന്തിന്റെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. ഇടംകയ്യൻ ബാറ്റ്സ്മാനായ ധവാനു പകരം മറ്റൊരു ഇടംകയ്യനെന്ന ആനുകൂല്യവും പന്തിനുണ്ട്. മാത്രമല്ല, ആക്രമിച്ചു കളിക്കുന്ന കാര്യത്തിലും ധവാന്റെ ശൈലി തന്നെയാണ് പന്തിനും. അതേസമയം, ധവാന്റെ പരുക്കിന്റെ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷമേ പകരക്കാരനെ കളിപ്പിക്കുന്ന കാര്യം തീരുമാനിക്കൂ.

ധവാനു തുടരാനാകുന്നില്ലെങ്കിൽ ഋഷഭ് പന്തിനെ പകരം പരിഗണിക്കണമെന്ന ആവശ്യവുമായി സുനിൽ ഗാവസ്കർ, കെവിൻ പീറ്റേഴ്സൻ തുടങ്ങിയവർ രംഗത്തെത്തിയിട്ടുണ്ട്. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങും പന്ത് ലോകകപ്പിൽ കളിക്കണമെന്ന അഭിപ്രായക്കാരനാണ്. ധവാനു പകരം ഋഷഭ് പന്തിനെ ഉൾപ്പെടുത്തുന്നതാണ് ഉചിതമെന്ന് മുൻ താരം ഹർഭജൻ സിങ്ങും അഭിപ്രായപ്പെട്ടു. അനുഭസമ്പത്തിനാണ് മുൻതൂക്കമെങ്കിൽ അജിങ്ക്യ രഹാനെയെ പരിഗണിക്കാം. എങ്കിലും ഏറ്റവും ഉചിതം പന്തിനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുന്നതാകുമെന്നും ഹർഭജൻ പറഞ്ഞു.