മഴ കനത്തതോടെ തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം ശക്തമായി . തങ്കശേരി പുലിമൂട്ടിൽ കൂറ്റൻ തിരമാല അടിച്ചു കയറി 17 കാരനെ കാണാതായി . തങ്കശ്ശേരി സ്വദേശി ആഷിക്കിനെയാണ് കാണാതായത് . ഇന്ന് വൈകിട്ട് പുലിമുട്ടിൽ കൂട്ടുകാർക്കൊപ്പം നടക്കാനിറങ്ങിയതാണ് ആഷിക്ക് . ഇവർക്ക് മേൽ തിരമാല അടിച്ച് കയറുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു . ആഷിക്കിനായി തെരച്ചിൽ തുടരുന്നു .
അമ്പലപ്പുഴയിൽ കടൽക്ഷോഭം രൂക്ഷമായതോടെ തീരദേശത്തെ ജനങ്ങൾ ദേശീയപാത ഉപരോധിച്ചു. കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കാക്കാഴം മേല്പാലത്തിനു സമീപമാണ് ഉപരോധം . ഇതിനെത്തുടർന്ന് ആലപ്പുഴ ജില്ലാ കലക്ടർ സുഹാസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി .
കടൽഭിത്തിയില്ലാത്തതിനെത്തുടർന്ന് ചെല്ലാനം മറുവക്കാടും വെള്ളം കയറി. പ്രദേശത്തെ 50ഓളം വീടുകളിലാണ് വെള്ളം കയറിയത് . റോഡിൽ 400 മീറ്ററോളം ദൂരത്തിൽ വെള്ളമൊഴുകിക്കൊണ്ടിരിക്കുകയാണ്. റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതവും താറുമാറായി .ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.