ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ഇടതുമുന്നണി യോഗം. വിശ്വാസികള്‍ക്ക് എല്‍ഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്ന് തിരുവനന്തപുരത്തു ചേര്‍ന്ന യോഗം തീരുമാനിച്ചു. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞു.

വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയം മുന്‍നിര്‍ത്തി എല്‍ജെഡി യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. വനിതാ മതിലിനു പിന്നാലെ ശബരിമലയില്‍ യുവതികളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചെന്നും നടപടി സ്ത്രീവോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായെന്നുമായിരുന്നു വിമര്‍ശനം.

സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ട് എടുത്തെന്ന പ്രചാരണവും വിനയായെന്ന് എല്‍ജെഡി ചൂണ്ടിക്കാട്ടി. ശബരിമല വിഷയം അവഗണിച്ച് മുന്നണി മുന്നോട്ട് പോകരുതെന്ന് കേരള കോൺഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിളളയും പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എല്‍ഡിഎഫിന്റെ പ്രത്യേകയോഗം ചേരും. സിപിഐയുടെ ആവശ്യപ്രകാരമാണ് പ്രത്യേക യോഗം. ഇതില്‍ മുഖ്യമന്ത്രി പ്രത്യേക കുറിപ്പ് തയാറാക്കി അവതരിപ്പിക്കും.