പശ്ചിമ ബംഗാളിൽ ബിജെപി-തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷം തുടരുന്നു. നോർത്ത് 24 പർഗനാസ് ജില്ലയിലെ കൻകിനാരയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
തിങ്കളാഴ്ച ഒരു ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഹൗറയിലെ സർപോത ഗ്രാമത്തിൽ സമതുൽ ഡോളു എന്ന പ്രവർത്തകനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ജയ് ശ്രീറാം വിളിച്ചതിന് തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകർ ഇയാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു.
ശനിയാഴ്ചയാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ജനജീവിതം സാധാരണനിലയിലായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ സംഘർഷം നിയന്ത്രിക്കുന്നതിനായി മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.