പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കൈവിരലിനേറ്റ പരിക്കാണ് ഇടംകൈയൻ ഓപ്പണർക്ക് തിരിച്ചടിയായത്. പരിശോധനയിൽ ധവാന്‍റെ കൈവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ധവാന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിൻസിന്‍റെ പന്തുകൊണ്ടാണ് ധവാന് പരിക്കേറ്റത്. മത്സരത്തിൽ സെഞ്ചുറി (117) നേടിയ ധവാൻ മാൻ ഓഫ് ദ മാച്ചായിരുന്നു. പരിക്കു മൂലം ധവാൻ ഫീൽഡിംഗിനിറങ്ങിയിരുന്നില്ല.

ധവാന്‍റെ പരിക്ക് പുതിയ ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്തേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. രോഹിതിനൊപ്പം ഇനി പുതിയ ആളായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.