സിനിമാതാരത്തിന്റെ മരണത്തില്‍ തെറ്റായ രോഗനിര്‍ണയം നടത്തിയെന്ന് പരാതി. ഈ മ യൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച സി.ജെ. കുഞ്ഞൂഞ്ഞിന്റെ മരണത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

തെറ്റായ രോഗ നിര്‍ണയത്തെ തുടര്‍ന്ന് കീമോ തെറാപ്പി ചെയ്തതാണെന്ന സംശയമാണ് ഇപ്പോള്‍ ബന്ധുക്കള്‍ക്ക് ഉയര്‍ന്നിരിക്കുന്നത്. ഭര്‍ത്താവിന് കാന്‍സറില്ലായിരുന്നുവെന്നും സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ഭാര്യ മേഴ്‌സി പറഞ്ഞിരുന്നു.

കടുത്ത നിമോണിയ ബാധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയവെ ആയിരുന്നു കുഞ്ഞുകുഞ്ഞിന്റെ മരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് കുഞ്ഞുകുഞ്ഞ് പള്ളൂരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഹരിയാനയിലെ സ്വകാര്യ ലാബില്‍ അയച്ചു നടത്തിയ ബയോപ്സി പരിശോധനയില്‍ ശ്വാസകോശാര്‍ബുദം അവസാനഘട്ടത്തിലേക്ക് എത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ച് ആറു വട്ടം കീമോത്തെറാപ്പിക്ക് വിധേയനാക്കുകയും ചെയ്തു.

പിന്നീട് ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ അര്‍ബുദത്തിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. പിന്നീട് നിമോണിയ ബാധിച്ച് മരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.

തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി നടത്തിയതുമൂലം രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടതാണ് കുഞ്ഞുകുഞ്ഞിന്റെ മരണകാരണം എന്നാണ് കുടുംബം സംശയിക്കുന്നത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.