പോര്‍ച്ചുഗല്‍ ഫുട്ബോളിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഫെര്‍ണാണ്ടോ സാന്റോസിനും ഒരിക്കല്‍ക്കൂടി അഭിമാനിക്കാം. യുവേഫ നേഷന്‍സ് ലീഗിന്റെ പ്രഥമ കിരീടം റൊണാള്‍ഡോയും കൂട്ടരും സ്വന്തമാക്കി. യൂറോ 2016 കിരീടത്തിലേക്കു പോര്‍ച്ചുഗലിനെ കിരീടത്തിലെത്തിച്ച ഫെര്‍ണാണ്ടോ സാന്റോസ് ആയിരുന്നു ഇത്തവണയും പരിശീലകന്.
നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗല്‍ 1-0ന് നെതര്‍ലന്‍ഡ്സിനെ കീഴടക്കിയാണ് ചാമ്പ്യന്മാരായത്. 60-ാം മിനിറ്റിൽ തകര്‍പ്പൻ പാസില്‍നിന്ന് ഗോണ്‍സാലോ ഗ്യൂഡസ് നേടിയ ഗോളിലാണ് പോര്‍ച്ചുഗലിന്റെ ജയം. ബെര്‍ണാര്‍ഡോ സില്‍വ ഒരുക്കിയ പാസില്‍നിന്നായിരുന്നു ഗോള്‍. സ്വിറ്റ്സര്‍ലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി.
ചാമ്പ്യന്മാരായപ്പോള് ആഹ്ലാദവാനായ പോര്‍ച്ചുഗീസ് നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മുഖം വാടി. ടൂര്‍ണമെന്റിലെ താരമായി ബെര്‍ണാര്‍ഡോ സില്‍വയുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് റൊണാള്‍ഡോയുടെ മുഖം മങ്ങിയത്. വിഷമത്തോടെ റൊണാള്‍ഡോ സില്‍വയെ നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.