പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ഇന്ന് പ്രത്യേക പുജകള്‍ ഉണ്ടാകില്ല. നാളെയാണ് പ്രതിഷ്ഠാദിനം. പ്രത്യേക പൂജകള്‍ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും.

മിഥുന മാസ പൂജകള്‍ക്കായി ക്ഷേത്രനട വീണ്ടും 15 ന് വൈകുന്നേരം 5 ന് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല. മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും.ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും.20 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.