വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പുലിമുട്ട് നിര്‍മ്മാണത്തിലെ കാലതാമസവും പാറയുടെ ലഭ്യതക്കുറവും വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. രേഖാമൂലം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2019 ഡിസംബര്‍ മൂന്നിന് തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പുലിമുട്ട് നിര്‍മാണത്തില്‍ കാലതാമസമുണ്ടാവുകയായിരുന്നു. വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് അദാനി ഗ്രൂപ്പ് നാലു തവണ സര്‍ക്കാരിനോട് അധിക സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സഭയെ അറിയിച്ചു.

ആവശ്യമായ പാറ ലഭ്യമാക്കേണ്ടത് അദാനി കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ഇതിനാവശ്യമായ സൗകര്യം ചെയ്ത് നല്‍കുമെന്നും മന്ത്രി കടന്നപ്പള്ളി നിയമസഭയില്‍ പറഞ്ഞു.