എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ നിര്‍മിച്ച അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് താല്‍ക്കാലിക സ്റ്റേ. അപ്പാര്‍ട്ടുമെന്റിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ആറ് ആഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റേതാണ് വിധി.

അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 താമസക്കാരാണ് കോടതിയെ സമീപിച്ചത്. താമസക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി ഉത്തരവെന്നും താമസക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തീരദേശ നിയമം ലംഘിച്ച് മരട് മുന്‍സിപ്പാലിറ്റി പരിധിയില്‍ നിര്‍മ്മിച്ച അഞ്ച് അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ച് നീക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മെയ് എട്ടിനായിരുന്നു ഉത്തരവ് ഇട്ടത്. അനധികൃത നിര്‍മാണങ്ങള്‍ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നിവ പൊളിച്ച് നീക്കാനായിരുന്നു ഉത്തരവ്.