ചിന്നക്കനാല്‍ ഭൂമികുംഭകോണത്തില്‍ 6 റെവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ലാന്‍ഡ് റെവന്യൂ കമ്മീഷണറുടേതാണ് നടപടി. മൂന്ന് തഹസില്‍ദാര്‍, 2 വില്ലേജ് ഓഫീസര്‍മാര്‍, ഒരു ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് നടപടി.
ചിന്നക്കനാല്‍ ഭൂമി കുംഭകോണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അട്ടിമറിക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ദേവികുളം സബ് കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ നടപ്പാക്കാതിരിക്കാനായിരുന്നു സമ്മര്‍ദ്ദം.

മുപ്പതുകോടി വിലവരുന്ന സര്‍ക്കാര്‍ ഭൂമി മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി കൈവശപ്പെടുത്തിയ സംഭവത്തില്‍ റവന്യൂ മന്ത്രി അന്വേണത്തിന് ഉത്തരവിട്ടിരുന്നു. പാപ്പാത്തിച്ചോലയില്‍ കുരിശിന്റെ മറവില്‍ കൈയ്യേറ്റം നടത്തിയ വെള്ളുക്കുന്നില്‍ ജിമ്മി സ്‌കറിയയാണ് ചിന്നക്കനാലിലെ 12 ഏക്കറോളം ഭൂമി മുംബൈ കമ്പനിക്ക് വിറ്റത്. വ്യാജ പട്ടയമുപയോഗിച്ചാണ് ഭൂമി വിറ്റതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുംബൈ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കമ്പനിക്ക് അനുകൂലമായാണ് വിധി വന്നത്.

മുംബൈയിലെ കമ്പനിക്ക് സ ര്‍ക്കാര്‍ ഭൂമി നല്‍കി ഹൈക്കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് സര്‍ക്കാര്‍ ഭൂമി നഷ്ടമായത്. ഇതിന് ആധികാരിക നല്‍കുന്ന വിധം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതോടെയാണ് സര്‍ക്കാരിന് കോടികള്‍ വില വരുന്ന ഭൂമി നഷ്ടപ്പെടാന്‍ ഇടയായ ചിന്നക്കനാല്‍ ഭൂമി തട്ടിപ്പ് കേസില്‍ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.